Saturday, August 31, 2013

ഒരു ഡ്രാക്കു കഥ.....

കുളികഴിഞ്ഞു കയറി, നടന്നു തുടങ്ങിയപ്പോഴാണു രാജേട്ടന്‍ കൂടെ കൂടിയത്. പുഴവക്കത്തെ പഴയ ബംഗ്ലാവിനടുത്തെത്തിയപ്പോള്‍ പഴങ്കഥകളുടെ ചുരുളുകളഴിക്കുകയായി. ഇവിടം എന്തൊക്കെയോ പല സംഭവവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടത്രേ..! പലരും രാത്രി കാലങ്ങളില്‍ അവിടെ അമാനുഷികമായി കണ്ടു ഭയന്നു പോയ കഥകള്‍. എന്തൊ രാജേട്ടന്‍ പറയുന്നതൊക്കെ വലിയ താല്പര്യമൊന്നും കൂടാതെ ഞാന്‍ കേട്ടു നടന്നു. അതെന്നും അങ്ങിനെ തന്നെ ആയിരുന്നല്ലോ.. രാജേട്ടന്‍റെ കഥകള്‍, എന്നും പല പല വിഷയങ്ങള്‍, പല പല സംഭവങ്ങള്‍. എന്തോ രാജേട്ടന്‍ പറയുഞ്ഞ ഒരു അപസര്‍പ്പകതയും ആ ബംഗ്ലാവിനു കാണാന്‍ എനിക്കു കഴിഞ്ഞില്ല. അല്ലെങ്കിലും ഇരുപത്തൊന്നിന്‍റെ ചോരത്തിളപ്പില്‍ പ്രേതകഥകളെ വിശ്വസിക്കുന്നതിനേക്കാള്‍ ആ പഴയ സൃഷ്ടിയുടെ തലയെടുപ്പും അതിനെ കീഴ്പ്പെടുത്തി നില്‍ക്കുന്ന കാട്ടുവള്ളിച്ചെടികളുടെ പച്ചപ്പും ആകപ്പാടെ ഒരു ചന്തമുള്ള കാഴ്ച്ചതന്നെ... .... ..... ..... ..... ...... ..... ഒരു ദിവസം എത്ര വേഗമാണു തീരുന്നത്, ഉറങ്ങാന്‍ നേരം ഞാന്‍ സമയത്തിന്‍റെ വേഗതയെ ക്കുറിച്ചാലോചിച്ചു. പിന്നെ രാവിലെ രാജേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍. ഒന്നു പോയി നോക്കിയാലോ?? പലരും കണ്ടിട്ടുണ്ടെന്നല്ലേ പറഞ്ഞത്? ശരീരം ആകെയൊന്നു ചൂടാകുന്നതുപോലൊരു തോന്നല്‍. അതെ പോയി നോക്കുക തന്നെ. പെട്ടെന്നെടുത്ത തീരുമാനത്തില്‍ പിന്നീടൊന്നും ആലോചിക്കാതെ ഞാന്‍ പുറത്തിറങ്ങി, മോട്ടോര്‍ ബൈക്കിന്‍റെ കിക്കറടിച്ചു. നല്ലമഞ്ഞുണ്ടായിരുന്നതു കൊണ്ടായിരിക്കണം, രണ്ടു മൂന്നു തവണ ആവര്‍ത്തിക്കേണ്ടി വന്നു സ്റ്റാര്‍ട്ട് ആവാന്‍. രാത്രിയിലെ യാത്രക്ക് വല്ലാത്തൊരു സുഖം. മാംസത്തില്‍ തുളച്ചുകയറുന്ന തണുപ്പ്, പല്ലുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം ..... അങ്ങിനെ ഞാന്‍ പുഴക്കരയിലെത്തി. നിലാവെളിച്ചത്തില്‍ ബംഗ്ലാവ് രാജപ്രൌഡിയിലങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. രാത്രി ഇതാദ്യമായാണ് പുഴയരികില്‍ വരുന്നത്, ഇതുവരെ വരാതെ ഇരുന്നതില്‍ നഷ്ടബോധം തോന്നി, കാരണം രാത്രിയില്‍ ഇവിടമെല്ലാം എത്ര മനോഹരം. പുഴയില്‍ കിടക്കുന്ന പൂര്‍ണ്ണചന്ദ്രനെ ഇമവെട്ടാതെ നോക്കിനിന്നു പോകും. “ഡ്രാക്കുളക്കോട്ട” ഏതോ വിക്രിതിപ്പയ്യന്മാര് വലിയഗെയിറ്റിന്മേല്‍ ഒരു ബോര്‍ഡ് എഴുതി സ്ഥപിച്ചിരിക്കുന്നു. ഞാന്‍ അധികമൊന്നും ആലോചിക്കാതെ ഗേറ്റ് തള്ളിതുറന്നു, എന്‍റെ വരവ് ഇഷ്ടപ്പെട്ടില്ല എന്നപോലെ ഗിര്‍ .. ഗിര്‍.. ഷബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഗെയിറ്റകത്തേക്കു മലര്‍ക്കെ തുറന്നു. വിശ്വാസമില്ലതിരുന്നിട്ടും മനസ്സില്‍ നിറയെ അപസര്‍പ്പക കഥകളിലെ നായകന്മാരെയും മഹാറാണിമാരെയും കാണാനുള്ള ആകാംക്ഷയായിരുന്നിരിക്കണം, ചെറുതെന്നലില്‍ ഇളകിയ മരച്ചില്ലകളുടെ നിഴലുകള്‍ എന്നില്‍ ഭീതി ജനിപ്പിച്ചില്ല. കരിങ്കല്ലുപാകിയ മുറ്റം, ആരൊക്കെയോ ഉപയോഗിച്ചു വലിച്ചെറിഞ്ഞ കാലിക്കുപ്പികള്‍ പൊട്ടിയും പൊട്ടാതെയും അവിടവിടെയായി കിടക്കുന്നു. പെട്ടെന്നാണു ഞാനതു ശ്രദ്ധിച്ചത്, ബംഗ്ലാവിനു പുറകിലോട്ടാരോ നടന്നു നീങ്ങുന്നതു പോലെ.... എനിക്കാകാംക്ഷയേറി, ഞാന്‍ വേഗത്തില്‍ അങ്ങോട്ടു നടന്നു. ശ്..ശ്ശ്.. കാലില്‍ എന്തൊ കുത്തിക്കയറി. തിരക്കിട്ടു നടക്കുന്നതിന്നിടയില്‍ കുപ്പിച്ചില്ലുകള്‍ ചിതറിക്കിടക്കുന്ന കാര്യം ഞാന്‍ മറന്നിരുന്നു. പക്ഷേ അതൊന്നും കാര്യമാക്കതെ ഞാന്‍ ബംഗ്ലാവിന്നു പുറകിലെത്തി. അവിടെ ആരെയും കണാനില്ല. ഇനിയെനിക്ക് തോന്നിയതാകുമോ?? അതെ ഇവിടെ ഒന്നുമില്ല, വെറുതെ ഒരോരോ തൊന്നലുകള്‍. ഞാന്‍ തിരച്ചില്‍ മതിയാക്കി തിരികെപോകാന്‍ തീരുമാനിച്ചു. പോകാനായി തിരിഞ്ഞതും എന്‍റെ മസ്തിഷ്കത്തില്‍ ഒരിടിവെട്ടി. എന്നില്‍ നിന്നും വെറുമൊരു ശ്വാസമകലെ ഒരാള്‍...... ഞെട്ടലില്‍ നിന്നും സമനില വീണ്ടെടുത്ത ഞാന്‍ ഒരടി പിന്നിലേക്ക് മാറിക്കൊണ്ട് അയാളോട് ചോദിച്ചു. നിങ്ങളാരാണ്??? ഞാനീ ബംഗ്ലാവിലെ താമസക്കാരന്‍, ജോണ്‍ ഫ്രെഡ്. നീയെന്തിനിവിടെ വന്നു ? അയാള്‍ ചോദിച്ചു. പിന്നീടൊന്നും ചികഞ്ഞാലോജിക്കേണ്ട ആവശ്യം വന്നില്ല. എല്ലവരും പറയുന്ന അമാനുഷികന്‍ ഇയ്യാള്‍ തന്നെയെന്നെനിക്കുറപ്പായി. ഞാന്‍ എന്‍റെ ഏറ്റവും പ്രകടമായ ബഹുമാനത്തോടെ പറഞ്ഞു, നിങ്ങളെ കാണാനായി വന്നതാണ്. അങ്ങേക്ക് ഡ്രാക്കുളയുമായി എന്തെങ്കിലും ബന്ധം??? സ്വതസിദ്ധമായ ആകാംക്ഷ എന്നില്‍ പ്രതിഫലിച്ചിരുന്നിരിക്കണം... മൌനമല്ലാതെ മറ്റൊന്നും എനിക്കു മറുപടിയായി കിട്ടിയില്ല... അതിനിടയില്‍ ഞാന്‍ അദ്ധേഹത്തെ നിരീക്ഷിക്കുകയായിരുന്നു, ആകെ വിളറി വെളുത്ത ഒരു രൂപം, എങ്കിലും വല്ലാത്തൊരു പ്രസരിപ്പുള്ള പ്രകൃതം. പക്ഷെ എന്താണദ്ധേഹം താഴേക്കു തന്നെ നോക്കുന്നതെന്നെനിക്ക് മനസ്സിലായില്ല. ധൈര്യസമ്മേതം ഞാന്‍ പിന്നെയും അദ്ധേഹത്തോടു സംസാരിച്ചു. എന്താ നോക്കുന്നത്..?? “രക്തം”..! അതുകേട്ട് പെട്ടെന്നൊരു ഞെട്ടലുണ്ടായെങ്കിലും അതു പുറത്തു കാണിക്കാതെ ഞാന്‍ എന്‍റെ കാലുകളിലേക്ക് നോക്കി. എന്‍റെ ഇടതു കാല്‍‍പാദം രക്തത്തില്‍ കുതിര്‍ന്നിരുന്നു. ഇനിയെന്താണ് സംഭവിക്കുക എന്നോര്‍ത്ത് എനിക്ക് ഭയമില്ലാതിരുന്നില്ല. അയാളുടെ കണ്ണിലെ തിളക്കത്തിന്‍റെ പ്രധാന കാരണം അതായിരിക്കണം. അപ്പോള്‍ ഇത് രക്തദാഹിയായ രക്ഷസ്സുതന്നെ. ജീവന്‍ നഷ്ടപ്പെടുമെന്നുള്ള ഭയത്തെക്കാളേറെ എനിക്കപ്പോള്‍ തോന്നിയത് മനസ്സിലെ ആരധനാ കഥാപാത്രമായ ഒരു യക്ഷനെ നെരില്‍ കാണാന്‍ കഴിഞ്ഞ സന്തോഷമായിരുന്നു. ഞാന്‍ വിഷയമൊന്നു മാറ്റികൊണ്ട് ചോദിച്ചു. നിങ്ങളെ ഇതിനു മുന്‍പൊന്നും ഇവിടെ കണ്ടിട്ടില്ലല്ലോ?? ഇല്ല ഞാനങ്ങനെ പുറത്തൊന്നും ഇറങ്ങാറില്ല. സംസാരത്തിനോടുള്ള അദ്ധേഹത്തിന്‍റെ വിമുഖത എന്നില്‍ അദ്ധേഹത്തിനോടുള്ള ബഹുമാനത്തിനാഴം കൂട്ടുകയായിരുന്നു. ഞാന്‍ എന്‍റെ ഒരു ആഗ്രഹം ചോദിക്കാനുറച്ചു. “വെനം” എന്നറിയപ്പെടുന്ന ആ വിഷം എന്‍റെ രക്തത്തില്‍ കലര്‍ത്തി എന്നെയും ഒരു രക്തരക്ഷസ്സാക്കരുതോ?? എന്‍റെ അനാവശ്യമായ അത്യാഗ്രഹം കേട്ടിട്ടായിരിക്കണം, അത്ഭുതത്തോടുകൂടി എന്നെയൊന്നു നോക്കി. ആ കണ്ണുകളിലെ വല്ലാത്തൊരു തിളക്കം മാറിയിരുന്നില്ല. ഒരു ഷെയ്ക്ക് ഹാന്‍റിനായി അയാള്‍ ഒരു കൈ എനിക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു... ഞാന്‍ ശ്രമിക്കാം.. നീട്ടിയ കൈ പിടിച്ച ഞാന്‍ പെട്ടെന്നു തന്നെ തിരിച്ചെടുത്തു. അയാളുടെ കൈ ഐസ് പോലെ തണുത്തിരിക്കുന്നു. ഈശ്വരാ ഇതെന്താ തണുത്തു മരവിച്ച ഒരു ശവശരീരമോ? അതേ മാത്രയില്‍ ഞാന്‍ കണ്ട എന്‍റെ ഇഷ്ടസിനിമയിലെ രംഗങ്ങള്‍ ഞാനോര്‍ത്തു. രക്ഷസ്സുകളുടെ വേഗതയും, തണുത്ത ശരീരത്തെയും കുറിച്ചെനിക്കോര്‍‍മ്മ വന്നു. എന്തൊക്കെയായാലും എന്‍റെ ആഗ്രഹത്തില്‍ നിന്നും പിന്മാറാതെ തന്നെ ഞാന്‍ അദ്ധേഹത്തിന്‍റെ മുന്നിലായി നിന്നു. ഞാന്‍ ഒരു രക്ഷസ്സായി പരിണമിക്കാന്‍ പോകുന്നു... മറ്റാരെക്കാളും നൂറുകണക്കിനു വര്‍ഷങ്ങള്‍ ചെറുപ്പമായി ജീവിക്കാന്‍ പോകുന്നു... ഞാന്‍ ധൈര്യസമേതം കണ്ണുകളടച്ചുകൊണ്ടു പറഞ്ഞു. ഞാന്‍ തയ്യാറാണ്, എന്‍റെ രക്തം സ്വീകരിക്കുക, എന്‍റെ രക്തത്തില്‍ ആ കൊടും വിഷം കലരട്ടെ..., ഞാന്‍ കുറെ ഉറങ്ങിയതിനു ശേഷമിനി ഉയിര്‍‍ത്തെഴുന്നേല്‍ക്കട്ടെ... ഞാനറിഞ്ഞു... എന്‍റെ കഴുത്തിലായി മൂര്‍‍ച്ചയുള്ള ദ്രംഷ്ട്രകള്‍ ആഴ്ന്നിറങ്ങുന്നത്.... ഞാനൊന്നു ഞരങ്ങിയോ?? ആ ഞരക്കത്തോടു കൂടി കണ്ണുകള്‍ തുറന്നു.... ഞാനെവിടെ?? എവിടെ ജോണ്‍?? ആ പഴയ ബംഗ്ലാവ് ?? ഒന്നുമില്ല... സ്വപ്നമായിരുന്നൊ?? ഉറക്കത്തില്‍ നിന്നെഴുന്നെറ്റ ആലസ്യത്തില്‍ ബാത് റൂമിലേക്ക് നടക്കുന്നിതിന്നിടയില്‍ ഞാനറിഞ്ഞു.... ഇടതു കാലിനടിയില്‍ നിന്നും വല്ലാത്തൊരു വേദന......

No comments:

Post a Comment