Saturday, August 31, 2013

എന്റെ പാചക പരീക്ഷണങ്ങള്‍ .....ഭാഗം ഒന്ന്....

സ്കൂള്‍ പഠന കാലത്ത് എന്നു പറയുമ്പോള്‍ സ്കൂളില്‍ എന്തിനോവേണ്ടി പോയിരുന്ന കാലത്ത് ഞാന്‍ ഒരു മഹാപാചക വിദഗ്ദനായിരുന്നു എന്നു പറയുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും മനസ്സില്‍ ചോദ്യമുയര്‍ന്നേക്കാം "അടുക്കളേടെ അയല്‍പക്കത്തുപോലും പോകാത്ത ഇവനോ ?? എന്ന്..... എന്നാല്‍ നിങ്ങള്‍ക്കു തെറ്റി. സംശയദൂരീകരണത്തിനായി ഒരു സംഭവമിതാ... സംഭവ ബഹുലമായ എട്ടാം ക്ലാസ്സ് ആദ്യവര്‍ഷം. കായ്ക്കപ്പെടുന്ന മരങ്ങളെല്ലാം കായ്ക്കുന്ന സമയം. എന്റെ വീടിന്റെ മുറ്റത്തുതന്നെ ചെറിമരം നിറയെ കായ്ച്ചങ്ങനെ നില്‍ക്കുന്നു. ഇടക്കിടെ ഉപ്പും മുളകും കൂട്ടി കടിച്ചു ചവച്ചു തിന്നുന്നതൊഴിച്ചാല്‍ ഈ പുളിയന്‍ ചെറിയെ കൊണ്ടു വേറെ പ്രത്യേകിച്ചു ഗുണമൊന്നും തന്നെ ഇല്ല. ഈ ചെറി വായില്‍ വച്ചാല്‍ രണ്ടു കണ്ണും ഇറുക്കിയടക്കുന്ന പുളി, കൈയ്യില്‍ ഒട്ടുന്ന പശ, തിന്നു കഴിഞ്ഞാലുള്ള ചവര്‍പ്പ്. ഈ ചെറി തന്നെ അല്ലേ റബ്ബേ ആ ചെറി?? നല്ല കൊതിയൂറും നിറത്തിലും, മണത്തിലും, പിന്നെ തേനൂറും രുചിയിലും ചില്ലു ഭരണികളില്‍ നിറച്ചുവച്ചിരിക്കുന്ന ആ ചെറി?? വിശ്വസിക്കാനേ പറ്റുന്നില്ല, എന്തൊരു മാറ്റം?? അങ്ങിനെ ഞാന്‍ വിദഗ്ദമായ ഉപദേശത്തിനായി അയല്‍പക്കത്തെ പാചക്കക്കാരന്‍ അസീസിക്കാടെ പ്രിയപത്നിയോടു തന്നെ. ഞങ്ങള്‍ ഉമ്മ എന്നു വിളിക്കുന്ന സുല്ത്താംബീവിത്ത. ഉമ്മയുടെ അഭിപ്രായത്തില്‍ "ചെറി നെടുകെ പൊളിച്ചു അതിനുള്ളിലെ കുരു കളഞ്ഞ് പശയും കറയും കളയാന്‍ കുറച്ചുനാള്‍ ചുണ്ണാമ്പു വെള്ളത്തില്‍ ഇട്ടുവെക്കണം (എത്രനാളാണെന്നു അന്നും എനിക്കോര്‍മ്മയില്ലായിരുന്നു), എന്നിട്ടു കറപോയ ചെറി പഞ്ചസാര കുറുക്കി കളറും ചേര്‍ത്തു ഭരണിയിലടച്ചു വെക്കണം. ഹൊ ആശ്വാസമായി. പ്രത്യേകിച്ചു അസംസ്കൃത വസ്തുക്കളൊന്നും തന്നെ ആവശ്യമില്ല. വെരി സിംപിള്‍ ..... അങ്ങനെ ഞാനൊരു അവസരത്തിനായി കാത്തിരുന്നു. എന്റെ സ്വന്തം ഉമ്മ എന്നെ അടുക്കളയുടെ പരിസരത്തേക്കടുപ്പിക്കില്ല. സ്വഭാവഗുണം, കയ്യിലിരുപ്പ് എന്നൊക്കെ പറയാം.... ഏതോ ഒരകന്ന ബന്ദുവിന്റെ മകളുടെ കല്യാണത്തിനായി ഉമ്മ സ്റ്റേഷനില്‍ നിന്നും സ്ഥലം വിട്ടു. കാത്തിരുന്ന അവസരം പെട്ടെന്നു കിട്ടിയ ഉല്‍സാഹത്തില്‍ ഞാന്‍ ചെറി മരത്തിന്റെ മുള്ളും പശയും ഒന്നും വകവെക്കാതെ ഒരു പിടി ചെറി പറിച്ചെടുത്തു. വേഗം പ്രോസസ്സിങ് തുടങ്ങി, കുരു കളഞ്ഞു, ഉമ്മൂമ്മയുടെ വെറ്റിലപ്പെട്ടിയില്‍ നിന്നും ചുണ്ണാമ്പു മോഷ്ടിച്ചു, അത് ഒട്ടും വൈകാതെ തന്നെ വെള്ളത്തില്‍ കലക്കി, ചുണ്ണാമ്പിന്റെ അളവു കൂടിയതുകൊണ്ടൊ എന്തൊ...!! വെള്ളത്തിന്നു പ്രത്യേകിച്ചു മാറ്റമൊന്നും സംഭവിച്ചില്ല. പിന്നെ മുറിച്ചു വൃത്തിയാക്കിയ ചെറി, ചുണ്ണാമ്പു വെള്ളത്തില്‍ ഇട്ടുവച്ചു അടുക്കളയിലേക്കോടി, എങ്ങിനെയും പഞ്ചസാര തരപ്പെടുത്തണം ... ഉമ്മ അറിഞ്ഞാല്‍ ...... അതോര്‍ത്തപ്പോള്‍ അധികം എടുക്കാന്‍ തോന്നിയില്ല, കഷ്ടിച്ചു രണ്ട് സ്പൂണ്‍, അതും ഒരു കാലിയായ ഹോര്‍ലിക്സ് കുപ്പി നിറയെ വെള്ളത്തില്‍ കലക്കി. ചെറിയുടെ കറ പോകാന്‍ എത്ര ദിവസം വേണമെന്നതിനെ കുറിച്ചു ചിന്തിക്കാനുള്ള സമയം ഉണ്ടായില്ല. ചുണ്ണാമ്പു വെള്ളത്തില്‍ നിന്നും എടുത്ത ചെറി പഞ്ചസാര വെള്ളത്തിലേക്കി മാറ്റി. പിന്നെ ആവശ്യമുള്ളതു കളര്‍, എന്റെ മുന്നില്‍ പേനയില്‍ ഒഴിക്കുന്ന മഷിക്കുപ്പി തെളിഞ്ഞു വന്നു. പക്ഷെ അതു ഭക്ഷ്യയോഗ്യമല്ലെങ്കിലോ എന്ന ചിന്ത എന്നെ അതില്‍ നിന്നും പിന്മാറ്റി. നിറമില്ലെങ്കില്‍ എന്താ?? ബാക്കി ഒക്കെ റെഡിയല്ലേ...... ഉറച്ച വിശ്വാസത്തില്‍ കുപ്പി അടച്ച് ഭദ്രമായി അധികമാരും പെട്ടെന്നു എത്തിനോക്കാന്‍ ഇടയില്ലാത്ത ഒരു മൂലയില്‍ പ്രധിഷ്ടിച്ചു. എന്റെ മുഖത്തും മനസ്സിലും വിജയാഹ്ലാദത്തിന്റെ പെരുമ്പറ. അക്ഷമയുടെ സുദീര്‍ഘനിമിഷങ്ങള്‍.... ദിവസങ്ങള്‍.....(ഇടക്കിടെ തുറന്നു നോക്കും) അങ്ങനെ കാത്തിരിപ്പിന്റെ നീണ്ട ഒരാഴ്ച പിന്നിട്ടു. ഞായറാഴ്ച്ച രാവിലെ തന്നെ ചന്ദ്രകാന്ത സീരിയലിനു ശേഷം ഞാന്‍ എന്റെ പരീക്ഷണത്തിന്റെ ഫലം നുണയാന്‍ തയ്യാറായി, കുപ്പി തുറന്നു. പതിവില്ലാതെ ഒരു ഗ്യാസ് മണം പുറത്തു വന്നു. ഹൊ ... സന്തോഷമായി, എന്തോ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു, മനസ്സില്‍ ആഹ്ലാദതിരമാലകള്‍... ചുറ്റുപാടും നോക്കി, ആരുമില്ല, തുറന്ന കുപ്പിയില്‍ നിന്നും ഒരു ചെറിയെടുത്തു കടിച്ചു നോക്കി, പുളി മാറിയിട്ടില്ല, പക്ഷെ അടുത്തുകൂടെ ഒരു ചെറിയ മധുരം. ഹാ... രക്ഷപ്പെട്ടു, മധുരമുണ്ടല്ലോ.... ഒന്ന്, രണ്ട്, മൂന്ന് .....അങ്ങിനെ കുപ്പിയിലെ ചെറിപ്പഴങ്ങള്‍ എന്റെ ഉദരത്തില്‍ സ്ഥാനം പിടിച്ചു. എന്റെ പരീക്ഷണ വിജയം ഉമ്മായെ കാണിക്കാനായി അടുക്കളയില്‍ ചെന്നു. ഉച്ചക്കുള്ള പോത്തിറച്ചിയിലിടാന്‍ കൊള്ളിക്കിഴങ്ങ് പൂളിക്കൊണ്ടിരുന്ന ഉമ്മ പറഞ്ഞു "നീ തന്നെ തിന്നാല്‍ മതി" യെന്നു. ശരി, ഉമ്മാക്കു യോഗമില്ല ഇതു തിന്നാന്‍ അത്ര തന്നെ...! അധികം കാത്തിരിക്കേണ്ടി വന്നില്ല, ചെറി വയറിനുള്ളില്‍ കിടന്നു എന്തൊക്കേയൊ വികൃതികള്‍ കാണിക്കാന്‍ തുടങ്ങി. ഹൊ... വല്ലത്ത വയറു വേദന, സഹിക്കാന്‍ മേലേ... ഞാന്‍ നിലവിളിച്ചു, ഉമ്മച്ചീ.......... ഉമ്മ വന്നു, ആഗ്രഹിച്ചതു ഒരുപിടി ആശ്വാസവക്കുകള്. പക്ഷെ കിട്ടിയതോ......?? "ആഡാ... കുപ്പിയില്‍ ഇനിയും ബാക്കിയുണ്ടെങ്കില്‍ എടുത്തു തിന്നടാ..." വയറു വേദന അസഹ്യമായി, എനിക്കി ടോയിലെറ്റില്‍ പോയാല്‍ കൊള്ളാമെന്നു തൊന്നി, ഒരുവിധത്തില്‍ ഞാന്‍ അവിടെ എത്തി, ഇരുന്നതേ ഓര്‍മ്മയുള്ളു, എന്താപ്പൊ ഇതു?? മലവെള്ളപ്പാച്ചിലോ????? ഒരു മുറം കിട്ടിയിരുന്നെങ്കില്‍ ... തടുക്കാമായിരുന്നു..... അങ്ങിനെ ഞാന്‍ തളര്‍ന്നു ഒരു ഭാഗത്തായി, ഉമ്മ പൊടിക്കൈകള്‍ ഒക്കെ പരീക്ഷിച്ചു, നോ രക്ഷ......! ക്ഷീണം മാറുന്നില്ല, വയറും ഉറക്കുന്നില്ല. ആകെപ്പാടെ ഞാന്‍ കിടന്ന കിടപ്പ് തന്നെ... കാര്യം ഉമ്മാടെ കയ്യില്‍ നില്‍ക്കില്ല എന്നു തൊന്നിയതുകൊണ്ടോ എന്തോ ഉമ്മ ഉടനെ ഒരൊട്ടോറിക്ഷ വിളിച്ചു എന്നെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ ചെന്നു അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറോഡു കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ പറഞ്ഞു. (ഞായറാഴ്ച്ചയാണല്ലോ സംഭവം നടക്കുന്നത്) അങ്ങിനെ നാലു കുപ്പി ഗ്ലൂക്കോസിന്റെ ബലത്തില്‍ ഞാന്‍ എഴുന്നേറ്റു, കുറെ മരുന്നുകളുമായി വീട്ടിലെത്തി. എല്ലാം ശരിയായി.... പിന്നെയും ചെറിമരം പൂത്തു, കായ്ച്ചു. പക്ഷെ ഇനിയൊരു പരീക്ഷണം, അതും ചെറി..നൊ..നൊ..നൊ... ഈ ബുദ്ധിമുട്ടുകളൊന്നും തന്നെയില്ലാതെ, അഞ്ചു രൂപ കൊടുത്താല്‍ എത്ര ചെറി കിട്ടും, പിന്നെന്തിനു ഞാന്‍ ഉണ്ടാക്കണം?? ......... അല്ലാതെ ഇനിയൊരു വയറിളക്കം പേടിച്ചിട്ടൊന്നുമല്ല. പിന്നെ... പേടിയേ...എനിക്കേ.... അപ്പോള്‍ എന്റെ അടുത്ത പരീക്ഷണവുമായി ഞാന്‍ ഉടനെ എത്തുന്നതാണ്.... അതുവരെക്കും കാത്തിരിക്കുക.......

No comments:

Post a Comment