കുഞ്ഞൂന്റെ സ്വന്തം...
Thursday, May 22, 2014
ആ ഉലക്ക എവിടെ പോയി?
രാത്രി ഭക്ഷണത്തിന് കാബേജുതോരനിൽ കാരറ്റ് കൂടെ ചേർക്കാൻ പറഞ്ഞത് ഞാനായിരുന്നു.. അതുകൊണ്ട് രണ്ടു കാരറ്റും വെജിറ്റബിൾ ചോപ്പറും കൊണ്ട് വന്ന് കയ്യിൽ തന്നപ്പോൾ എനിക്ക് ജോലി ചെയ്യാൻ മേലാന്നു പറയാൻ ഒരു വഴിയും ഉണ്ടായില്ല. ഇഷ്ടമില്ലാതെ ചെയ്തു തുടങ്ങിയതുകൊണ്ടായിരിക്കണം ചോപ്പർ എന്റെ കയ്യിലിരുന്ന് ഓടിയുമോ എന്നൊരു സംശയം, കാരണം ഞാൻ ചോപ്പറുമായി ഏകദേശം ഒരു ബലപ്രയോഗത്തിൽ തന്നെ ആയിരുന്നു. പിന്നെ ചോപ്പർ സ്വന്തം അല്ലാത്തതിനാലും, കേടുവന്നാൽ എന്ത് മറുപടി പറയണം എന്നറിയാത്തതിനാലും ഞാൻ കുറച്ച് ശ്രദ്ധിച്ച് ചെയ്തു ജോലി തീർത്തു സംഭവം അടുക്കളയിൽ തന്നെ ഏൽപിച്ച് കാന്റ്റിക്രാഷ് കളിക്കാൻ മൊബൈൽ എടുത്തു......
കളിക്കുന്നതിന്റെ ഇടയിൽ ഞാൻ വെറുതെ ഇങ്ങനെ ആലോചിക്കുകയായിരുന്നു, ആ ചോപ്പർ എന്റെ കയ്യിലിരുന്ന് ഒടിഞ്ഞു പോയിരുന്നെങ്കിൽ എന്തായിരിക്കും ഞാൻ ഒരു കാരണം പറയുക..?? ചിലപ്പോ എന്തെങ്കിലും നുണപറയുമായിരിക്കും.. താഴെ വീണതാണെന്നോ, ഞാൻ എടുത്തപ്പോ ഓടിഞ്ഞിരിക്കുകയായിരുന്നു എന്നോ മറ്റോ….
ഇങ്ങനെ സംഭവിക്കാതിരുന്ന കാര്യങ്ങളെ കുറിച്ച് അലോജിച്ചിരുന്നപ്പൊഴാണ് കുറെ ഓർമ്മകൾ മനസ്സിലേക്ക് കടന്നു വന്നത്.
ഞാനും എന്റെ ഇക്കയും തമ്മിൽ സ്നേഹം കൂടി കൂടി കണ്ണിൻ മുന്നിൽ കണ്ടാൽ കല്ലെടുത്തെറിഞ്ഞിരുന്നത്ര സ്നേഹം...
വാപ്പ ഗൾഫിൽ .. രണ്ടു പേരേം ഒരുമിച്ച് വളരെ കഷ്ടപ്പാടോട് കൂടെ ഉമ്മ കണ്ട്രോൾ ചെയ്തു പോന്നിരുന്നു. യു പി സ്കൂളിൽ നിന്നും ഹൈസ്കൂളിലേക്ക് മാറിയപ്പോൾ ഇക്കയേം എന്നെയും വെവ്വേറെ സ്കൂളുകളിൽ വരെ ആക്കി... ബസ്സിലൊക്കെ പോയി വരണ്ടതല്ലേ ... ആ വഴിക്കൊക്കെ അടിപിടി ആയാൽ വീട്ടില് തിരിച്ചെത്തണ്ടേ..
അതുകൊണ്ട് രണ്ട് സ്കൂൾ ..രണ്ടു ദിക്ക് ...
അങ്ങനെ കാര്യങ്ങൾ ഉമ്മാടെ ഇടപെടൽ കൊണ്ടൊക്കെ ഒരു വിധത്തിൽ കുഴപ്പമില്ലാതെ പോയ്കൊണ്ടിരുന്നു.
പിന്നെ ആഴ്ചയിൽ രണ്ട് അവധി ദിവസങ്ങൾ..അന്ന് മാത്രം ഉമ്മാക്ക് ഞങ്ങളുടെ തല്ലുകൂടൽ കണ്ടില്ലാന്നു വെക്കെണ്ടിവന്നു... അല്ലാതെ വേറെ ഒരു നിവൃത്തിയും ഇല്ലല്ലോ...
അങ്ങനെ ഒരു ദിവസം എന്തോ നിസ്സാര കാര്യത്തിന്റെ തല്ലു നടന്നുകൊണ്ടിരിക്കുന്നു...വഴക്കിനിടയിൽ ഓടിയോടി ഞാൻ അടുക്കള ഭാഗത്തെത്തി….ഇക്ക പിന്നാലെ തന്നെ ഉണ്ട്...ഇക്കയെ തല്ലാൻ ആയി ഞാൻ ഉരലിന്റെ അടുത്ത് വച്ചിരുന്ന ഉലക്ക എടുത്തു ….
ഉലക്ക കണ്ടപാടെ എന്നെ ഇടിക്കാൻ പിന്നാലെ ഓടിവന്ന ഇക്ക തിരിഞ്ഞ് ഓടി.. ഞാൻ പുറകെ ഉലക്കയും കൊണ്ട്...
ഓടിയോടി അവൻ വിറകുപുരയിൽ അടുക്കിവച്ചിരിക്കുന്ന വിറകിന്റെ അടുതെത്തി .. ഉടനെ തന്നെ ചെറുത്ത് നിൽപിനെന്നോണം ഒരു വലിയ വിറകെടുത്തു...
അടുത്ത സ്റ്റെപ് വാൾപയറ്റാണ് .........
എന്റെ കയ്യിലെ ഉലക്കയും ഇക്കാടെ കയ്യിലെ വിറകും തമ്മിൽ കൂട്ടിമുട്ടി...
പെട്ടെന്നായിരുന്നു .... വിറകിന്റെ ശക്തമായ ഒരു ഒരു പ്രഹരത്തിൽ എന്റെ കയ്യിലിരുന്ന ഉലക്ക അതാ രണ്ട് കഷണമായിരിക്കുന്നു...
യുദ്ധത്തിൽ ഞാൻ തോറ്റിരിക്കുന്നു ... പക്ഷെ ജയിച്ച ഇക്കാക്ക് സന്തോഷമൊന്നും ഇല്ല.. പിന്നെയാണ് എനിക്കും തിരിച്ചറിവു വന്നത് ... ഒടിഞ്ഞ ഉലക്കക്ക് ഉമ്മാനോട് ആര് മറുപടി പറയും?
ജീവിതത്തിൽ അന്നാദ്യമായിട്ടായിരിക്കണം ഞാനും ഇക്കയും കൂടെ സ്നേഹത്തോടെ ഒത്തൊരുമയോടെ ഒരുകാര്യം ചെയ്തിട്ടുണ്ടായിരിക്കുക... ഒടിഞ്ഞ ഉലക്ക അടുക്കി വച്ചിരിക്കുന്ന വിറകുകൂട്ടത്തിലേക്ക് തള്ളിക്കയറ്റി വച്ച് ഒന്നും സംഭവിക്കാത്തപോലെ നല്ലകുട്ടികളായി വീട്ടിൽ കയറി.
അന്നൊരുദിവസത്തേക്കു മാത്രം ഞങ്ങൾ ഇത്രനല്ലകുട്ടികളായോ എന്ന് ഉമ്മാക്ക് തോന്നിയിട്ടുണ്ടാവണം ...
ദിവസങ്ങൾ കഴിഞ്ഞു പോയി ... ഉലക്കയെ ഞാനും ഇക്കയും മറന്നു... നിത്യോപയോകമൊന്നും ഇല്ലാത്തതുകൊണ്ടായിരിക്കണം ഉലക്കയെ പറ്റി ആരും ഒന്നും പറഞ്ഞു കേട്ടില്ലാ ...
അങ്ങനെയിരിക്കെ ഒരു ദിവസം ഉലക്ക തിരക്കി ആള് വന്നു.... സത്യത്തിൽ ഉലക്ക ഞങ്ങളുടെ വീട്ടിലെ അല്ല.. അടുത്ത വീട്ടിൽനിന്നും എന്തോ ആവശ്യത്തിനു കടം എടുത്തതായിരുന്നു...
ഉലക്ക വച്ചിരുന്ന സ്ഥലം ഉമ്മാക്കു അറിയാം.. അവിടെ പോയി നോക്കി കാണാതായപ്പോ ഉമ്മ പറഞ്ഞു.. നോക്കി എടുത്ത് കൊണ്ട് വന്നു തരാം എന്ന്.,.
പിന്നെയും ദിവസങ്ങൾ പലതുകഴിഞ്ഞു... ഉലക്ക പിന്നെയും എന്റെയും ഇക്കായുടേയും സ്മൃതിയിലേക്ക് മറഞ്ഞു .....
വീട്ടുമുറ്റത്തു കൂടുന്ന വീട്ടമ്മമാരുടെ പഞ്ചായത്തുകളിൽ ഉലക്ക വിഷയം വരുന്നത് ഞാൻ പലവട്ടം വീട്ടിനകത്തിരുന്നു കേട്ടു ..
നഷ്ടപ്പെട്ട ഉലക്ക മാത്രം ആരുമറിയാതെ വിറകുപുരക്കുള്ളിൽ രണ്ടു കഷണമായി ഒളിച്ചിരുന്നു ..
ആലുവാ മണപ്പുറത്തുനിന്നും വാങ്ങിയ ആ ഉലക്ക അന്വേഷിച്ച് പലവുരി ആളുകൾ വന്നുപോയി .. ഉമ്മ എപ്പോഴും ഉലക്ക തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിൽ ആരോ ഇവടെ നിന്നും കൊണ്ട് പോയിരിക്കുകയാണ്, ഉടനെ തിരികെ തരാം എന്നൊക്കെ ഒഴിവുകൾ പറഞ്ഞുകൊണ്ടേ ഇരുന്നു..
അങ്ങനെയിരിക്കെ വീണ്ടും ഒരു അവധി ദിവസം... ഉമ്മ കത്തിക്കാനായി വിറകെടുക്കുന്നതിനിടയിലാണ് നല്ല രണ്ടു ഉരുളൻ വിറകു കൊള്ളികൾ....
നടന്നതൊന്നും മനസ്സിലാവാതെ ഉരുളൻ വിറകുകൊള്ളികളുമായി ഉമ്മ അവിടെ തന്നെ നിന്നു ..
കുറച്ച്കഴിഞ്ഞ് ഉമ്മ ഞങ്ങളുടെ അടുത്ത് വന്നു എന്നിട്ട് ചോദിച്ചു ..
മക്കളെ അസിക്കാടെ വീട്ടിലെ ഉലക്ക മക്കൾ കണ്ടിരുന്നോ?
അപ്രതീക്ഷിതമായി ഉലക്ക വിഷയം വന്നപ്പോ തന്നെ ഞങ്ങൾക്ക് കാര്യം മനസ്സിലായി... ഒന്നും മിണ്ടാതെ നിന്ന ഞങ്ങളെ നോക്കി താടിക്ക് കയ്യും കൊടുത്ത് ഉമ്മ ചോദിച്ചു...
എന്നാലും എന്റെ പോന്നു മക്കളെ ... ഈ ഉലക്ക നിങ്ങൾ എങ്ങനെ..?? ഇങ്ങിനെ ഒടിച്ചെടുത്തു.......!!!!
വഴക്ക് പറയുന്നതിനു പകരം എല്ലാം മറന്നു ചിരിക്കുന്ന ഉമ്മാനെ നോക്കി ഞാൻ പറഞ്ഞു ... അത് ഞങ്ങൾ വാൾ പയറ്റ് നടത്തിയതാ....
ഒടിഞ്ഞ ഉലക്കക്ക് പകരം ഉടനെ തന്നെ വേറെ ഉലക്ക വാങ്ങിപ്പിച്ചു, ഒന്നും പറയാതെ ഉമ്മ ഉടമസ്ഥരെ തിരിച്ചേല്പിച്ചു...
ഇത്ര നാളുകൾക്ക് ശേഷം ഞാൻ ഓർക്കുകയാണ് ... ഒടിഞ്ഞ ഉലക്ക കണ്ട് ഉടമസ്ഥരോട് പറയേണ്ട മറുപടി ഓർത്തു ഉമ്മ എത്ര ബേജാറായിക്കാണും ...!!
ചെറുപ്പത്തിലെ ഈ തല്ലുപിടുത്തമായിരിക്കണം, ഒന്ന് തമ്മിൽ ദൂരം കൊണ്ട് അകലേണ്ടി വന്നപ്പോൾ തിരിച്ചറിഞ്ഞ സ്നേഹം... അല്ലാഹുവിനു സ്തുതി... I have got the Best Brother in the World.. And i love him so much...
Saturday, August 31, 2013
ഒരു ഡ്രാക്കു കഥ.....
കുളികഴിഞ്ഞു കയറി, നടന്നു തുടങ്ങിയപ്പോഴാണു രാജേട്ടന്‍ കൂടെ കൂടിയത്. പുഴവക്കത്തെ പഴയ ബംഗ്ലാവിനടുത്തെത്തിയപ്പോള്‍ പഴങ്കഥകളുടെ ചുരുളുകളഴിക്കുകയായി. ഇവിടം എന്തൊക്കെയോ പല സംഭവവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടത്രേ..!
പലരും രാത്രി കാലങ്ങളില്‍ അവിടെ അമാനുഷികമായി കണ്ടു ഭയന്നു പോയ കഥകള്‍. എന്തൊ രാജേട്ടന്‍ പറയുന്നതൊക്കെ വലിയ താല്പര്യമൊന്നും കൂടാതെ ഞാന്‍ കേട്ടു നടന്നു. അതെന്നും അങ്ങിനെ തന്നെ ആയിരുന്നല്ലോ..
രാജേട്ടന്‍റെ കഥകള്‍, എന്നും പല പല വിഷയങ്ങള്‍, പല പല സംഭവങ്ങള്‍.
എന്തോ രാജേട്ടന്‍ പറയുഞ്ഞ ഒരു അപസര്‍പ്പകതയും ആ ബംഗ്ലാവിനു കാണാന്‍ എനിക്കു കഴിഞ്ഞില്ല. അല്ലെങ്കിലും ഇരുപത്തൊന്നിന്‍റെ ചോരത്തിളപ്പില്‍ പ്രേതകഥകളെ വിശ്വസിക്കുന്നതിനേക്കാള്‍ ആ പഴയ സൃഷ്ടിയുടെ തലയെടുപ്പും അതിനെ കീഴ്പ്പെടുത്തി നില്‍ക്കുന്ന കാട്ടുവള്ളിച്ചെടികളുടെ പച്ചപ്പും ആകപ്പാടെ ഒരു ചന്തമുള്ള കാഴ്ച്ചതന്നെ...
.... ..... ..... ..... ...... .....
ഒരു ദിവസം എത്ര വേഗമാണു തീരുന്നത്, ഉറങ്ങാന്‍ നേരം ഞാന്‍ സമയത്തിന്‍റെ വേഗതയെ ക്കുറിച്ചാലോചിച്ചു. പിന്നെ രാവിലെ രാജേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍. ഒന്നു പോയി നോക്കിയാലോ?? പലരും കണ്ടിട്ടുണ്ടെന്നല്ലേ പറഞ്ഞത്?
ശരീരം ആകെയൊന്നു ചൂടാകുന്നതുപോലൊരു തോന്നല്‍. അതെ പോയി നോക്കുക തന്നെ. പെട്ടെന്നെടുത്ത തീരുമാനത്തില്‍ പിന്നീടൊന്നും ആലോചിക്കാതെ ഞാന്‍ പുറത്തിറങ്ങി, മോട്ടോര്‍ ബൈക്കിന്‍റെ കിക്കറടിച്ചു. നല്ലമഞ്ഞുണ്ടായിരുന്നതു കൊണ്ടായിരിക്കണം, രണ്ടു മൂന്നു തവണ ആവര്‍ത്തിക്കേണ്ടി വന്നു സ്റ്റാര്‍ട്ട് ആവാന്‍.
രാത്രിയിലെ യാത്രക്ക് വല്ലാത്തൊരു സുഖം. മാംസത്തില്‍ തുളച്ചുകയറുന്ന തണുപ്പ്, പല്ലുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം .....
അങ്ങിനെ ഞാന്‍ പുഴക്കരയിലെത്തി. നിലാവെളിച്ചത്തില്‍ ബംഗ്ലാവ് രാജപ്രൌഡിയിലങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. രാത്രി ഇതാദ്യമായാണ് പുഴയരികില്‍ വരുന്നത്, ഇതുവരെ വരാതെ ഇരുന്നതില്‍ നഷ്ടബോധം തോന്നി, കാരണം രാത്രിയില്‍ ഇവിടമെല്ലാം എത്ര മനോഹരം. പുഴയില്‍ കിടക്കുന്ന പൂര്‍ണ്ണചന്ദ്രനെ ഇമവെട്ടാതെ നോക്കിനിന്നു പോകും.
“ഡ്രാക്കുളക്കോട്ട” ഏതോ വിക്രിതിപ്പയ്യന്മാര് വലിയഗെയിറ്റിന്മേല്‍ ഒരു ബോര്‍ഡ് എഴുതി സ്ഥപിച്ചിരിക്കുന്നു. ഞാന്‍ അധികമൊന്നും ആലോചിക്കാതെ ഗേറ്റ് തള്ളിതുറന്നു, എന്‍റെ വരവ് ഇഷ്ടപ്പെട്ടില്ല എന്നപോലെ ഗിര്‍ .. ഗിര്‍.. ഷബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഗെയിറ്റകത്തേക്കു മലര്‍ക്കെ തുറന്നു. വിശ്വാസമില്ലതിരുന്നിട്ടും മനസ്സില്‍ നിറയെ അപസര്‍പ്പക കഥകളിലെ നായകന്മാരെയും മഹാറാണിമാരെയും കാണാനുള്ള ആകാംക്ഷയായിരുന്നിരിക്കണം, ചെറുതെന്നലില്‍ ഇളകിയ മരച്ചില്ലകളുടെ നിഴലുകള്‍ എന്നില്‍ ഭീതി ജനിപ്പിച്ചില്ല. കരിങ്കല്ലുപാകിയ മുറ്റം, ആരൊക്കെയോ ഉപയോഗിച്ചു വലിച്ചെറിഞ്ഞ കാലിക്കുപ്പികള്‍ പൊട്ടിയും പൊട്ടാതെയും അവിടവിടെയായി കിടക്കുന്നു.
പെട്ടെന്നാണു ഞാനതു ശ്രദ്ധിച്ചത്, ബംഗ്ലാവിനു പുറകിലോട്ടാരോ നടന്നു നീങ്ങുന്നതു പോലെ.... എനിക്കാകാംക്ഷയേറി, ഞാന്‍ വേഗത്തില്‍ അങ്ങോട്ടു നടന്നു.
ശ്..ശ്ശ്.. കാലില്‍ എന്തൊ കുത്തിക്കയറി. തിരക്കിട്ടു നടക്കുന്നതിന്നിടയില്‍ കുപ്പിച്ചില്ലുകള്‍ ചിതറിക്കിടക്കുന്ന കാര്യം ഞാന്‍ മറന്നിരുന്നു. പക്ഷേ അതൊന്നും കാര്യമാക്കതെ ഞാന്‍ ബംഗ്ലാവിന്നു പുറകിലെത്തി. അവിടെ ആരെയും കണാനില്ല. ഇനിയെനിക്ക് തോന്നിയതാകുമോ?? അതെ ഇവിടെ ഒന്നുമില്ല, വെറുതെ ഒരോരോ തൊന്നലുകള്‍. ഞാന്‍ തിരച്ചില്‍ മതിയാക്കി തിരികെപോകാന്‍ തീരുമാനിച്ചു.
പോകാനായി തിരിഞ്ഞതും എന്‍റെ മസ്തിഷ്കത്തില്‍ ഒരിടിവെട്ടി. എന്നില്‍ നിന്നും വെറുമൊരു ശ്വാസമകലെ ഒരാള്‍......
ഞെട്ടലില്‍ നിന്നും സമനില വീണ്ടെടുത്ത ഞാന്‍ ഒരടി പിന്നിലേക്ക് മാറിക്കൊണ്ട് അയാളോട് ചോദിച്ചു. നിങ്ങളാരാണ്???
ഞാനീ ബംഗ്ലാവിലെ താമസക്കാരന്‍, ജോണ്‍ ഫ്രെഡ്. നീയെന്തിനിവിടെ വന്നു ? അയാള്‍ ചോദിച്ചു.
പിന്നീടൊന്നും ചികഞ്ഞാലോജിക്കേണ്ട ആവശ്യം വന്നില്ല. എല്ലവരും പറയുന്ന അമാനുഷികന്‍ ഇയ്യാള്‍ തന്നെയെന്നെനിക്കുറപ്പായി. ഞാന്‍ എന്‍റെ ഏറ്റവും പ്രകടമായ ബഹുമാനത്തോടെ പറഞ്ഞു, നിങ്ങളെ കാണാനായി വന്നതാണ്.
അങ്ങേക്ക് ഡ്രാക്കുളയുമായി എന്തെങ്കിലും ബന്ധം???
സ്വതസിദ്ധമായ ആകാംക്ഷ എന്നില്‍ പ്രതിഫലിച്ചിരുന്നിരിക്കണം... മൌനമല്ലാതെ മറ്റൊന്നും എനിക്കു മറുപടിയായി കിട്ടിയില്ല...
അതിനിടയില്‍ ഞാന്‍ അദ്ധേഹത്തെ നിരീക്ഷിക്കുകയായിരുന്നു, ആകെ വിളറി വെളുത്ത ഒരു രൂപം, എങ്കിലും വല്ലാത്തൊരു പ്രസരിപ്പുള്ള പ്രകൃതം. പക്ഷെ എന്താണദ്ധേഹം താഴേക്കു തന്നെ നോക്കുന്നതെന്നെനിക്ക് മനസ്സിലായില്ല.
ധൈര്യസമ്മേതം ഞാന്‍ പിന്നെയും അദ്ധേഹത്തോടു സംസാരിച്ചു.
എന്താ നോക്കുന്നത്..??
“രക്തം”..!
അതുകേട്ട് പെട്ടെന്നൊരു ഞെട്ടലുണ്ടായെങ്കിലും അതു പുറത്തു കാണിക്കാതെ ഞാന്‍ എന്‍റെ കാലുകളിലേക്ക് നോക്കി. എന്‍റെ ഇടതു കാല്‍പാദം രക്തത്തില്‍ കുതിര്‍ന്നിരുന്നു.
ഇനിയെന്താണ് സംഭവിക്കുക എന്നോര്‍ത്ത് എനിക്ക് ഭയമില്ലാതിരുന്നില്ല. അയാളുടെ കണ്ണിലെ തിളക്കത്തിന്‍റെ പ്രധാന കാരണം അതായിരിക്കണം. അപ്പോള്‍ ഇത് രക്തദാഹിയായ രക്ഷസ്സുതന്നെ. ജീവന്‍ നഷ്ടപ്പെടുമെന്നുള്ള ഭയത്തെക്കാളേറെ എനിക്കപ്പോള്‍ തോന്നിയത് മനസ്സിലെ ആരധനാ കഥാപാത്രമായ ഒരു യക്ഷനെ നെരില്‍ കാണാന്‍ കഴിഞ്ഞ സന്തോഷമായിരുന്നു.
ഞാന്‍ വിഷയമൊന്നു മാറ്റികൊണ്ട് ചോദിച്ചു. നിങ്ങളെ ഇതിനു മുന്‍പൊന്നും ഇവിടെ കണ്ടിട്ടില്ലല്ലോ??
ഇല്ല ഞാനങ്ങനെ പുറത്തൊന്നും ഇറങ്ങാറില്ല.
സംസാരത്തിനോടുള്ള അദ്ധേഹത്തിന്‍റെ വിമുഖത എന്നില്‍ അദ്ധേഹത്തിനോടുള്ള ബഹുമാനത്തിനാഴം കൂട്ടുകയായിരുന്നു. ഞാന്‍ എന്‍റെ ഒരു ആഗ്രഹം ചോദിക്കാനുറച്ചു.
“വെനം” എന്നറിയപ്പെടുന്ന ആ വിഷം എന്‍റെ രക്തത്തില്‍ കലര്‍ത്തി എന്നെയും ഒരു രക്തരക്ഷസ്സാക്കരുതോ??
എന്‍റെ അനാവശ്യമായ അത്യാഗ്രഹം കേട്ടിട്ടായിരിക്കണം, അത്ഭുതത്തോടുകൂടി എന്നെയൊന്നു നോക്കി. ആ കണ്ണുകളിലെ വല്ലാത്തൊരു തിളക്കം മാറിയിരുന്നില്ല. ഒരു ഷെയ്ക്ക് ഹാന്‍റിനായി അയാള്‍ ഒരു കൈ എനിക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു...
ഞാന്‍ ശ്രമിക്കാം..
നീട്ടിയ കൈ പിടിച്ച ഞാന്‍ പെട്ടെന്നു തന്നെ തിരിച്ചെടുത്തു. അയാളുടെ കൈ ഐസ് പോലെ തണുത്തിരിക്കുന്നു. ഈശ്വരാ ഇതെന്താ തണുത്തു മരവിച്ച ഒരു ശവശരീരമോ? അതേ മാത്രയില്‍ ഞാന്‍ കണ്ട എന്‍റെ ഇഷ്ടസിനിമയിലെ രംഗങ്ങള്‍ ഞാനോര്‍ത്തു. രക്ഷസ്സുകളുടെ വേഗതയും, തണുത്ത ശരീരത്തെയും കുറിച്ചെനിക്കോര്‍മ്മ വന്നു.
എന്തൊക്കെയായാലും എന്‍റെ ആഗ്രഹത്തില്‍ നിന്നും പിന്മാറാതെ തന്നെ ഞാന്‍ അദ്ധേഹത്തിന്‍റെ മുന്നിലായി നിന്നു. ഞാന്‍ ഒരു രക്ഷസ്സായി പരിണമിക്കാന്‍ പോകുന്നു...
മറ്റാരെക്കാളും നൂറുകണക്കിനു വര്‍ഷങ്ങള്‍ ചെറുപ്പമായി ജീവിക്കാന്‍ പോകുന്നു...
ഞാന്‍ ധൈര്യസമേതം കണ്ണുകളടച്ചുകൊണ്ടു പറഞ്ഞു. ഞാന്‍ തയ്യാറാണ്, എന്‍റെ രക്തം സ്വീകരിക്കുക, എന്‍റെ രക്തത്തില്‍ ആ കൊടും വിഷം കലരട്ടെ...,
ഞാന്‍ കുറെ ഉറങ്ങിയതിനു ശേഷമിനി ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ...
ഞാനറിഞ്ഞു...
എന്‍റെ കഴുത്തിലായി മൂര്‍ച്ചയുള്ള ദ്രംഷ്ട്രകള്‍ ആഴ്ന്നിറങ്ങുന്നത്....
ഞാനൊന്നു ഞരങ്ങിയോ??
ആ ഞരക്കത്തോടു കൂടി കണ്ണുകള്‍ തുറന്നു....
ഞാനെവിടെ?? എവിടെ ജോണ്‍?? ആ പഴയ ബംഗ്ലാവ് ?? ഒന്നുമില്ല...
സ്വപ്നമായിരുന്നൊ??
ഉറക്കത്തില്‍ നിന്നെഴുന്നെറ്റ ആലസ്യത്തില്‍ ബാത് റൂമിലേക്ക് നടക്കുന്നിതിന്നിടയില്‍ ഞാനറിഞ്ഞു....
ഇടതു കാലിനടിയില്‍ നിന്നും വല്ലാത്തൊരു വേദന......
എന്റെ പാചക പരീക്ഷണങ്ങള്‍ .....ഭാഗം ഒന്ന്....
സ്കൂള്‍ പഠന കാലത്ത് എന്നു പറയുമ്പോള്‍ സ്കൂളില്‍ എന്തിനോവേണ്ടി പോയിരുന്ന കാലത്ത് ഞാന്‍ ഒരു മഹാപാചക വിദഗ്ദനായിരുന്നു എന്നു പറയുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും മനസ്സില്‍ ചോദ്യമുയര്‍ന്നേക്കാം "അടുക്കളേടെ അയല്‍പക്കത്തുപോലും പോകാത്ത ഇവനോ ?? എന്ന്.....
എന്നാല്‍ നിങ്ങള്‍ക്കു തെറ്റി. സംശയദൂരീകരണത്തിനായി ഒരു സംഭവമിതാ...
സംഭവ ബഹുലമായ എട്ടാം ക്ലാസ്സ് ആദ്യവര്‍ഷം. കായ്ക്കപ്പെടുന്ന മരങ്ങളെല്ലാം കായ്ക്കുന്ന സമയം. എന്റെ വീടിന്റെ മുറ്റത്തുതന്നെ ചെറിമരം നിറയെ കായ്ച്ചങ്ങനെ നില്‍ക്കുന്നു. ഇടക്കിടെ ഉപ്പും മുളകും കൂട്ടി കടിച്ചു ചവച്ചു തിന്നുന്നതൊഴിച്ചാല്‍ ഈ പുളിയന്‍ ചെറിയെ കൊണ്ടു വേറെ പ്രത്യേകിച്ചു ഗുണമൊന്നും തന്നെ ഇല്ല. ഈ ചെറി വായില്‍ വച്ചാല്‍ രണ്ടു കണ്ണും ഇറുക്കിയടക്കുന്ന പുളി, കൈയ്യില്‍ ഒട്ടുന്ന പശ, തിന്നു കഴിഞ്ഞാലുള്ള ചവര്‍പ്പ്.
ഈ ചെറി തന്നെ അല്ലേ റബ്ബേ ആ ചെറി??
നല്ല കൊതിയൂറും നിറത്തിലും, മണത്തിലും, പിന്നെ തേനൂറും രുചിയിലും ചില്ലു ഭരണികളില്‍ നിറച്ചുവച്ചിരിക്കുന്ന ആ ചെറി??
വിശ്വസിക്കാനേ പറ്റുന്നില്ല, എന്തൊരു മാറ്റം??
അങ്ങിനെ ഞാന്‍ വിദഗ്ദമായ ഉപദേശത്തിനായി അയല്‍പക്കത്തെ പാചക്കക്കാരന്‍ അസീസിക്കാടെ പ്രിയപത്നിയോടു തന്നെ. ഞങ്ങള്‍ ഉമ്മ എന്നു വിളിക്കുന്ന സുല്ത്താംബീവിത്ത. ഉമ്മയുടെ അഭിപ്രായത്തില്‍ "ചെറി നെടുകെ പൊളിച്ചു അതിനുള്ളിലെ കുരു കളഞ്ഞ് പശയും കറയും കളയാന്‍ കുറച്ചുനാള്‍ ചുണ്ണാമ്പു വെള്ളത്തില്‍ ഇട്ടുവെക്കണം (എത്രനാളാണെന്നു അന്നും എനിക്കോര്‍മ്മയില്ലായിരുന്നു), എന്നിട്ടു കറപോയ ചെറി പഞ്ചസാര കുറുക്കി കളറും ചേര്‍ത്തു ഭരണിയിലടച്ചു വെക്കണം. ഹൊ ആശ്വാസമായി. പ്രത്യേകിച്ചു അസംസ്കൃത വസ്തുക്കളൊന്നും തന്നെ ആവശ്യമില്ല.
വെരി സിംപിള്‍ .....
അങ്ങനെ ഞാനൊരു അവസരത്തിനായി കാത്തിരുന്നു. എന്റെ സ്വന്തം ഉമ്മ എന്നെ അടുക്കളയുടെ പരിസരത്തേക്കടുപ്പിക്കില്ല. സ്വഭാവഗുണം, കയ്യിലിരുപ്പ് എന്നൊക്കെ പറയാം....
ഏതോ ഒരകന്ന ബന്ദുവിന്റെ മകളുടെ കല്യാണത്തിനായി ഉമ്മ സ്റ്റേഷനില്‍ നിന്നും സ്ഥലം വിട്ടു. കാത്തിരുന്ന അവസരം പെട്ടെന്നു കിട്ടിയ ഉല്‍സാഹത്തില്‍ ഞാന്‍ ചെറി മരത്തിന്റെ മുള്ളും പശയും ഒന്നും വകവെക്കാതെ ഒരു പിടി ചെറി പറിച്ചെടുത്തു. വേഗം പ്രോസസ്സിങ് തുടങ്ങി, കുരു കളഞ്ഞു, ഉമ്മൂമ്മയുടെ വെറ്റിലപ്പെട്ടിയില്‍ നിന്നും ചുണ്ണാമ്പു മോഷ്ടിച്ചു, അത് ഒട്ടും വൈകാതെ തന്നെ വെള്ളത്തില്‍ കലക്കി, ചുണ്ണാമ്പിന്റെ അളവു കൂടിയതുകൊണ്ടൊ എന്തൊ...!!
വെള്ളത്തിന്നു പ്രത്യേകിച്ചു മാറ്റമൊന്നും സംഭവിച്ചില്ല.
പിന്നെ മുറിച്ചു വൃത്തിയാക്കിയ ചെറി, ചുണ്ണാമ്പു വെള്ളത്തില്‍ ഇട്ടുവച്ചു അടുക്കളയിലേക്കോടി, എങ്ങിനെയും പഞ്ചസാര തരപ്പെടുത്തണം ...
ഉമ്മ അറിഞ്ഞാല്‍ ......
അതോര്‍ത്തപ്പോള്‍ അധികം എടുക്കാന്‍ തോന്നിയില്ല, കഷ്ടിച്ചു രണ്ട് സ്പൂണ്‍, അതും ഒരു കാലിയായ ഹോര്‍ലിക്സ് കുപ്പി നിറയെ വെള്ളത്തില്‍ കലക്കി. ചെറിയുടെ കറ പോകാന്‍ എത്ര ദിവസം വേണമെന്നതിനെ കുറിച്ചു ചിന്തിക്കാനുള്ള സമയം ഉണ്ടായില്ല. ചുണ്ണാമ്പു വെള്ളത്തില്‍ നിന്നും എടുത്ത ചെറി പഞ്ചസാര വെള്ളത്തിലേക്കി മാറ്റി. പിന്നെ ആവശ്യമുള്ളതു കളര്‍, എന്റെ മുന്നില്‍ പേനയില്‍ ഒഴിക്കുന്ന മഷിക്കുപ്പി തെളിഞ്ഞു വന്നു.
പക്ഷെ അതു ഭക്ഷ്യയോഗ്യമല്ലെങ്കിലോ എന്ന ചിന്ത എന്നെ അതില്‍ നിന്നും പിന്മാറ്റി. നിറമില്ലെങ്കില്‍ എന്താ?? ബാക്കി ഒക്കെ റെഡിയല്ലേ......
ഉറച്ച വിശ്വാസത്തില്‍ കുപ്പി അടച്ച് ഭദ്രമായി അധികമാരും പെട്ടെന്നു എത്തിനോക്കാന്‍ ഇടയില്ലാത്ത ഒരു മൂലയില്‍ പ്രധിഷ്ടിച്ചു. എന്റെ മുഖത്തും മനസ്സിലും വിജയാഹ്ലാദത്തിന്റെ പെരുമ്പറ.
അക്ഷമയുടെ സുദീര്‍ഘനിമിഷങ്ങള്‍.... ദിവസങ്ങള്‍.....(ഇടക്കിടെ തുറന്നു നോക്കും)
അങ്ങനെ കാത്തിരിപ്പിന്റെ നീണ്ട ഒരാഴ്ച പിന്നിട്ടു. ഞായറാഴ്ച്ച രാവിലെ തന്നെ ചന്ദ്രകാന്ത സീരിയലിനു ശേഷം ഞാന്‍ എന്റെ പരീക്ഷണത്തിന്റെ ഫലം നുണയാന്‍ തയ്യാറായി, കുപ്പി തുറന്നു.
പതിവില്ലാതെ ഒരു ഗ്യാസ് മണം പുറത്തു വന്നു. ഹൊ ... സന്തോഷമായി, എന്തോ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു, മനസ്സില്‍ ആഹ്ലാദതിരമാലകള്‍...
ചുറ്റുപാടും നോക്കി, ആരുമില്ല, തുറന്ന കുപ്പിയില്‍ നിന്നും ഒരു ചെറിയെടുത്തു കടിച്ചു നോക്കി, പുളി മാറിയിട്ടില്ല, പക്ഷെ അടുത്തുകൂടെ ഒരു ചെറിയ മധുരം.
ഹാ... രക്ഷപ്പെട്ടു, മധുരമുണ്ടല്ലോ....
ഒന്ന്, രണ്ട്, മൂന്ന് .....അങ്ങിനെ കുപ്പിയിലെ ചെറിപ്പഴങ്ങള്‍ എന്റെ ഉദരത്തില്‍ സ്ഥാനം പിടിച്ചു. എന്റെ പരീക്ഷണ വിജയം ഉമ്മായെ കാണിക്കാനായി അടുക്കളയില്‍ ചെന്നു.
ഉച്ചക്കുള്ള പോത്തിറച്ചിയിലിടാന്‍ കൊള്ളിക്കിഴങ്ങ് പൂളിക്കൊണ്ടിരുന്ന ഉമ്മ പറഞ്ഞു "നീ തന്നെ തിന്നാല്‍ മതി" യെന്നു.
ശരി, ഉമ്മാക്കു യോഗമില്ല ഇതു തിന്നാന്‍ അത്ര തന്നെ...!
അധികം കാത്തിരിക്കേണ്ടി വന്നില്ല, ചെറി വയറിനുള്ളില്‍ കിടന്നു എന്തൊക്കേയൊ വികൃതികള്‍ കാണിക്കാന്‍ തുടങ്ങി.
ഹൊ... വല്ലത്ത വയറു വേദന, സഹിക്കാന്‍ മേലേ...
ഞാന്‍ നിലവിളിച്ചു, ഉമ്മച്ചീ..........
ഉമ്മ വന്നു, ആഗ്രഹിച്ചതു ഒരുപിടി ആശ്വാസവക്കുകള്. പക്ഷെ കിട്ടിയതോ......??
"ആഡാ...
കുപ്പിയില്‍ ഇനിയും ബാക്കിയുണ്ടെങ്കില്‍ എടുത്തു തിന്നടാ..."
വയറു വേദന അസഹ്യമായി, എനിക്കി ടോയിലെറ്റില്‍ പോയാല്‍ കൊള്ളാമെന്നു തൊന്നി, ഒരുവിധത്തില്‍ ഞാന്‍ അവിടെ എത്തി, ഇരുന്നതേ ഓര്‍മ്മയുള്ളു,
എന്താപ്പൊ ഇതു??
മലവെള്ളപ്പാച്ചിലോ?????
ഒരു മുറം കിട്ടിയിരുന്നെങ്കില്‍ ... തടുക്കാമായിരുന്നു.....
അങ്ങിനെ ഞാന്‍ തളര്‍ന്നു ഒരു ഭാഗത്തായി, ഉമ്മ പൊടിക്കൈകള്‍ ഒക്കെ പരീക്ഷിച്ചു, നോ രക്ഷ......!
ക്ഷീണം മാറുന്നില്ല, വയറും ഉറക്കുന്നില്ല.
ആകെപ്പാടെ ഞാന്‍ കിടന്ന കിടപ്പ് തന്നെ...
കാര്യം ഉമ്മാടെ കയ്യില്‍ നില്‍ക്കില്ല എന്നു തൊന്നിയതുകൊണ്ടോ എന്തോ ഉമ്മ ഉടനെ ഒരൊട്ടോറിക്ഷ വിളിച്ചു എന്നെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
അവിടെ ചെന്നു അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറോഡു കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ പറഞ്ഞു. (ഞായറാഴ്ച്ചയാണല്ലോ സംഭവം നടക്കുന്നത്)
അങ്ങിനെ നാലു കുപ്പി ഗ്ലൂക്കോസിന്റെ ബലത്തില്‍ ഞാന്‍ എഴുന്നേറ്റു, കുറെ മരുന്നുകളുമായി വീട്ടിലെത്തി.
എല്ലാം ശരിയായി....
പിന്നെയും ചെറിമരം പൂത്തു, കായ്ച്ചു. പക്ഷെ ഇനിയൊരു പരീക്ഷണം, അതും ചെറി..നൊ..നൊ..നൊ...
ഈ ബുദ്ധിമുട്ടുകളൊന്നും തന്നെയില്ലാതെ, അഞ്ചു രൂപ കൊടുത്താല്‍ എത്ര ചെറി കിട്ടും, പിന്നെന്തിനു ഞാന്‍ ഉണ്ടാക്കണം?? .........
അല്ലാതെ ഇനിയൊരു വയറിളക്കം പേടിച്ചിട്ടൊന്നുമല്ല.
പിന്നെ... പേടിയേ...എനിക്കേ....
അപ്പോള്‍ എന്റെ അടുത്ത പരീക്ഷണവുമായി ഞാന്‍ ഉടനെ എത്തുന്നതാണ്....
അതുവരെക്കും കാത്തിരിക്കുക.......
Subscribe to:
Posts (Atom)